Banner Ads

പാചകവാതക കണക്ഷൻ രീതിയിൽ മാറ്റം വരുത്തി കമ്പനികൾ: പുതിയ അപേക്ഷകർക്ക് 10 കിലോ സിലിണ്ടർ മാത്രം; കീശ ചോർന്ന് സാധാരണക്കാർ

തിരുവനന്തപുരം: പുതിയ ഗാർഹിക പാചകവാതക (എൽപിജി) കണക്ഷൻ നൽകുന്ന രീതിയിൽ മുൻകൂട്ടി അറിയിപ്പില്ലാതെ കമ്പനികൾ മാറ്റം വരുത്തി. മാസങ്ങളായി പുതിയ അപേക്ഷകർക്ക് സബ്‌സിഡി ഇല്ലാത്ത 10 കിലോ സിലിണ്ടറുകൾ മാത്രമാണ് കമ്പനികൾ വിതരണം ചെയ്യുന്നത്. കണക്ഷൻ നിരക്കിലും റീഫില്ലിങ് തുകയിലും വൻ വർധനവാണ് ഇതിലൂടെ ഉപഭോക്താക്കൾക്ക് നേരിടേണ്ടി വരുന്നത്.

10 കിലോ സിലിണ്ടറിന്റെ പുതിയ കണക്ഷൻ ലഭിക്കുന്നതിന് 4,840 രൂപയും, ഓരോ തവണയും സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് 1,650 രൂപയുമാണ് മിക്ക കമ്പനികളും ഈടാക്കുന്നത്. സാധാരണ 14.2 കിലോ എൽപിജി സിലിണ്ടർ നിറയ്ക്കാൻ ഏകദേശം 930 രൂപ മാത്രമുള്ളപ്പോഴാണ്, അളവ് കുറഞ്ഞ 10 കിലോ സിലിണ്ടറിന് ഇതിന്റെ ഇരട്ടിയോളം തുക ഈടാക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് പുതിയ ഗാർഹിക കണക്ഷൻ വിതരണം നിർത്തിവെക്കുകയും പകരം വ്യക്തിഗത കണക്ഷനുകൾ നൽകാൻ തുടങ്ങുകയുമായിരുന്നു. തിരിച്ചറിയൽ രേഖകളും ഫോട്ടോയും സമർപ്പിച്ചാൽ പെട്ടെന്ന് കണക്ഷൻ ലഭിക്കുമെന്ന് കമ്പനികൾ അവകാശപ്പെടുന്നുണ്ടെങ്കിലും, വലിയ തുക നൽകേണ്ടി വരുന്നത് സാധാരണക്കാർക്ക് വൻ സാമ്പത്തിക ബാധ്യതയാകുകയാണ്.