Banner Ads

ചിറയിൻകീഴിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസ്: നാലംഗ സംഘം പിടിയിൽ; ലക്ഷ്യം മാറിയത് വസ്തു തർക്കം കാരണം

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഉൾപ്പെടെ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് (30) എന്നിവരാണ് പിടിയിലായത്.വങ്കാളംമുക്കിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികളെ ആറ്റിങ്ങൽ ഡിവൈ.എസ്.പി അജിചന്ദ്രൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

ശാർക്കര പുതുക്കരി സ്വദേശി വിജയനുമായുള്ള വസ്തു തർക്കത്തെ തുടർന്ന് വിദേശത്തുള്ള സതീശൻ എന്നയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പ്രതികൾ സ്ഫോടകവസ്തു എറിഞ്ഞത്. എന്നാൽ ആൾമാറാട്ടം മൂലം പ്രതികൾ ആദ്യം ആക്രമണം നടത്തിയത് സമീപവാസിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ ബീജ സുരേഷിന്റെ വീടിന് നേർക്കായിരുന്നു. തുടർന്നാണ് വിജയന്റെ വീടിന് നേരെ ആക്രമണം നടത്തിയത്.ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തിയ സംഘം സ്ഫോടനം നടത്തിയ ശേഷം കടന്നുകളയുകയായിരുന്നു.

ആക്രമണത്തിൽ ഇരു വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു.സംഭവസ്ഥലത്തെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.തിരുവനന്തപുരം റൂറൽ എസ്.പി പ്രശാന്തന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി അജിചന്ദ്രൻ നായർ, ചിറയിൻകീഴ് എസ്.എച്ച്.ഒ അഭിലാഷ്, എസ്.ഐ അൻസർ, ജി.എസ്.ഐമാരായ ശ്രീകുമാർ, സനിൽ കുമാർ, സി.പി.ഒമാരായ ബിനു, രാംനാഥ്, ശ്രീജിത്ത്, അഭിലാഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.