
മലപ്പുറം: പകൽസമയങ്ങളിൽ അപൂർവമായി മാത്രം പുറത്തുകാണാറുള്ള ‘ഇന്ത്യൻ സ്കോപ്സ് ഔൾ’ എന്നറിയപ്പെടുന്ന ചെവിയൻ മൂങ്ങയെ നിലമ്പൂരിൽ കണ്ടെത്തി. അമരമ്പലത്തെ സ്വകാര്യഭൂമിയിൽ വിശ്രമിക്കുകയായിരുന്ന മൂങ്ങയെ വഴിക്കടവ് സ്വദേശിയും വന്യജീവി ഫോട്ടോഗ്രാഫറുമായ അജയ് നാരായണനാണ് ക്യാമറയിൽ പകർത്തിയത്. പകൽ വെളിച്ചത്തിൽ ഇതിന്റെ ദൃശ്യം ലഭിച്ചത് പക്ഷിനിരീക്ഷകർക്കും പരിസ്ഥിതി പ്രേമികൾക്കും കൗതുകമായി.തലയുടെ ഇരുവശങ്ങളിലും ചെവിപോലെ ഉയർന്നുനിൽക്കുന്ന തൂവലുകളാണ് ഇവയുടെ പ്രധാന സവിശേഷത.
ഏകദേശം 23 മുതൽ 25 സെന്റിമീറ്റർ വരെ നീളമുള്ള ഇവയ്ക്ക് ചാരനിറമോ തവിട്ടുനിറമോ ആണ് ഉള്ളത്.മരപ്പട്ടയോടും ചുറ്റുപാടുകളോടും ഇണങ്ങിനിൽക്കുന്ന നിറമായതിനാൽ പകൽസമയത്ത് മരക്കൊമ്പുകളിൽ ഇരിക്കുന്ന ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്.രാത്രികാലങ്ങളിൽ ഇരതേടുന്ന ഇവ പ്രധാനമായും പ്രാണികളെയും വണ്ടുകളെയുമാണ് ഭക്ഷണമാക്കുന്നത്. ‘വാട്ട്’ എന്ന് ആവർത്തിച്ചു ചോദിക്കുന്നതുപോലെയുള്ള പ്രത്യേക ശബ്ദത്തിലൂടെയാണ് രാത്രിയിൽ ഇവയുടെ സാന്നിധ്യം മനസ്സിലാക്കുന്നത്.
അറേബ്യൻ മേഖല മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലൂടെ ഇന്തോനേഷ്യ വരെയുള്ള മരങ്ങൾ നിറഞ്ഞ കാടുകളിലാണ് ഇവയുടെ ആവാസകേന്ദ്രം.രാത്രി സഞ്ചാരികളായതിനാൽ സാധാരണയായി കുറ്റിക്കാടുകളിലും മരങ്ങളിലും ഒളിച്ചിരിക്കുന്ന ഇവയെ പകൽവെളിച്ചത്തിൽ വ്യക്തമായി കാണാൻ സാധിച്ചത് അപൂർവ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.