
തിരുവനന്തപുരം : 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ആദ്യദിനമായ ഇന്ന് ഇന്റർനാഷണൽ ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി 23 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും.
ഓസ്ട്രിയയിലേക്ക് കടക്കാൻ ശ്രമിക്കവേ ഇറാനിൽ കുടുങ്ങിപ്പോയ സൊറായ എന്ന 16 വയസ്സുകാരിയായ അഫ്ഗാൻ കലാകാരിയുടെ അതിജീവന കഥയാണ് ഈ ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ഇറാനിയൻ സംവിധായകൻ മെഹർദാദ് ഓസ്കൗയി ഒരുക്കിയ ഈ ചിത്രം ലോകത്തിലെ പ്രമുഖ നോൺ-ഫിക്ഷൻ ചലച്ചിത്രമേളയായ ഐഡിഎഫ്എ (IDFA) യിലെ മികച്ച ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ ഇരുപതോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്റർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ ചൈനീസ് ചിത്രമായ ക്ലെപ്ടോമാനിയ, ഷെനിയ കസാൻകിനയുടെ സിറ്റി ഓഫ് ഔൾസ്, ലൂക്കാസ് ഒസാരയുടെ യൂസഫ് തുടങ്ങി 14 ചിത്രങ്ങൾ തിയേറ്ററുകളിലെത്തും. ഇന്റർനാഷണൽ നോൺ ഫിക്ഷൻ വിഭാഗത്തിൽ റൗൾ പെക്കിന്റെ ഓർവെൽ 2+2=5, യാസീൻ ഖാന്റെ റോബോട്സ്, ബെൻ പ്രൗഡ്ഫൂട്ടിന്റെ ദി ഐസ് ഓഫ് ഘാന എന്നിവയടക്കം എട്ട് ചിത്രങ്ങളും ആദ്യദിനം ആസ്വാദകർക്ക് മുന്നിലെത്തും.