
കാക്കനാട് : കൊച്ചി കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചിറക്കി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ചാത്തനാട് കൊച്ചുപറമ്പിൽ ജയശ്രീയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും പത്തനംതിട്ട സ്വദേശിയുമായ അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജയശ്രീ അനിൽകുമാറിന്റെ രണ്ടാം ഭാര്യയാണെന്നാണ് വിവരം. ഇന്നലെ രാത്രി ഒൻപതു മണിയോടെ എൻജിഒ ക്വാർട്ടേഴ്സിന് സമീപമുള്ള അമ്പാടിമൂലയിലെ സ്വകാര്യ ഹോസ്റ്റലിന് മുന്നിലായിരുന്നു സംഭവം.
സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനായ അനിൽകുമാർ ഇതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജയശ്രീയെ ഹോസ്റ്റലിൽനിന്ന് പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. തുടർന്ന് ജയശ്രീയുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ അടിക്കുകയും കൈയിൽ കരുതിയിരുന്ന കാനിലെ പെട്രോൾ ശരീരത്തിലും മുഖത്തും ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ ചേർന്നാണ് പിടികൂടി പോലീസിലേൽപ്പിച്ചത്. ആക്രമണത്തിനിടെ അനിൽകുമാറിന്റെ കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും തൃക്കാക്കര പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.