Banner Ads

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി നിലകൊള്ളുന്ന ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് സെപ്റ്റംബർ 23 രാത്രിയോ 24 പുലർച്ചെയോ വിശാഖപട്ടണത്തിനും ഗോപാൽപൂരിനും ഇടയിൽ വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡീഷ തീരങ്ങളിലൂടെ കരതൊടാനാണ് സാധ്യത.

കേരളത്തിൽ ഇന്ന് (22/09/2026) മുതൽ സെപ്റ്റംബർ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ (23/09/2026) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച (24/09/2026) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,

കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച (25/09/2026) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കോട്ടയം, ഇടുക്കി ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.