Banner Ads

മാസപ്പടി കേസിൽ നിർണ്ണായക നീക്കം; പിണറായി വിജയനും, റിയാസിനും വീണയ്ക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം : മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് വഴിയൊരുങ്ങുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചത്.

മൂവർക്കുമെതിരെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തുന്നതിനായി ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുഖ്യമന്ത്രി വിഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇഡിയുടെ ശുപാർശയിന്മേൽ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ ധാരണയായത്.

അന്വേഷണ നടപടികളുമായി മുന്നോട്ടുപോകാൻ ആഭ്യന്തര മന്ത്രി ഡിജിപിക്ക് നിർദേശം നൽകി. ഇഡി ശുപാർശയിൽ ആവശ്യമായ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയതായും ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏതൊക്കെ രീതിയിലുള്ള അന്വേഷണമാണ് ആവശ്യപ്പെടേണ്ടതെന്ന് ഡിജിപി തീരുമാനിക്കും. കൂടാതെ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന കോടതി ഉത്തരവ് പാലിക്കുമെന്നും മന്ത്രി വ്യക്തമാക്കി.