Banner Ads

അനധികൃത സ്വത്ത് കേസ്: തച്ചങ്കരിയുടെ അപ്പീലിൽ എതിർപ്പുമായി സർക്കാർ; മറുപടി നൽകാൻ ഹൈക്കോടതി നിർദേശം

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസിലെ നാല് വർഷത്തെ തടവുശിക്ഷ താൽകാലികമായി മരവിപ്പിക്കണമെന്ന മുൻ ഡിജിപി ടോമിൻ തച്ചങ്കരിയുടെ ആവശ്യത്തിൽ സർക്കാരിന് മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി അനുമതി നൽകി.

ഹർജിയെ എതിർത്ത് വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ അനുവദിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കോട്ടയം വിജിലൻസ് കോടതി വിധിച്ച ശിക്ഷാ നടപടികൾ അപ്പീൽ ഹർജിയിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ തടഞ്ഞുവെക്കണമെന്നാണ് തച്ചങ്കരിയുടെ പ്രധാന ആവശ്യം.

2003 മുതൽ 2007 വരെ കെബിപിഎസ് എംഡി ആയിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തച്ചങ്കരിക്ക് നാല് വർഷം തടവും 3084000 രൂപയിലധികം പിഴയുമാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ തനിക്കെതിരായ പ്രോസിക്യൂഷൻ അനുമതി ലഭിച്ചത് കൃത്യമായ വിശകലനം ഇല്ലാതെയാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ തന്റെ വാടക വരുമാനവും കുടുംബ സ്വത്തും തെളിവായി സ്വീകരിക്കാൻ വിചാരണ കോടതി തയ്യാറായില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. സർക്കാർ സമർപ്പിക്കുന്ന മറുപടി സത്യവാങ്മൂലം കൂടി പരിശോധിച്ച ശേഷമായിരിക്കും ശിക്ഷ മരവിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതി അന്തിമ തീരുമാനമെടുക്കുക.