Banner Ads

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയില്ല; പ്രതികളുടെ ഹർജി തള്ളി; പരസ്യ വിചാരണ ഒക്ടോബർ 15 മുതൽ

കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അടച്ചിട്ട മുറിയിലുള്ള വിചാരണ ഉണ്ടാകില്ല. രഹസ്യ വിചാരണ ആവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി.

കേസിന്റെ പരസ്യ വിചാരണ ഒക്ടോബർ 15 മുതൽ ആരംഭിക്കും. മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും കൊല്ലപ്പെട്ട അഭിമന്യുവിന്റെ ബന്ധുക്കൾക്കും കോടതിയിൽ പ്രവേശനം നിഷേധിക്കണമെന്ന പ്രതികളുടെ ആവശ്യമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണൻ തള്ളിയത്.

കോടതി നടപടികൾ കവർ ചെയ്യാനും റിപ്പോർട്ട് ചെയ്യാനുമുള്ള പൂർണ അവകാശം മാധ്യമങ്ങൾക്കുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതികളുടെ ആവശ്യത്തെ പ്രതിരോധിച്ചത്. ക്യാമ്പസ് ഫ്രണ്ട് – പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ കേസിലെ പ്രതികളാണ് രഹസ്യ വിചാരണ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരുന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം ഒക്ടോബർ 15 മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കും. നാല് മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.