Banner Ads

മകന് ആദായനികുതി വകുപ്പിൽ ജോലി വാഗ്ദാനം: പാനൂരിൽ അയൽവാസി 25 ലക്ഷം തട്ടി; വ്യാജ ഐഎഎസുകാരടക്കം മൂന്ന് പേർക്കെതിരെ കേസ്

കണ്ണൂർ : ആദായനികുതി വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് അയൽവാസിയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കണ്ണൂർ പാനൂർ വിളങ്ങാട് സ്വദേശി സുന്ദരനെതിരെയാണ് അയൽവാസിയായ ദാമോദരൻ പരാതി നൽകിയത്. കേന്ദ്രസർക്കാരിൽ സ്വാധീനമുണ്ടെന്നും ദാമോദരന്റെ മകന് ആദായനികുതി വകുപ്പിൽ ജോലി വാങ്ങിത്തരാമെന്നും വാഗ്ദാനം ചെയ്താണ് ഇയാൾ പണം കവർന്നത്.

തട്ടിപ്പിന് വിശ്വസ്യത കൂട്ടാനായി ഐഎഎസ് ഓഫീസർമാർ എന്ന വ്യാജേന രണ്ട് പേർ ഫോണിലൂടെ ദാമോദരനെ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ തട്ടിപ്പ് നടത്തിയ സുന്ദരൻ, വ്യാജ ഐഎഎസ് ഓഫീസർമാരായി ചമഞ്ഞ രണ്ടുപേർ എന്നിവരുൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.