
തിരുവല്ല : എം സി റോഡിലെ തിരുവല്ല തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന സഹയാത്രികനായ ഇതരസംസ്ഥാന തൊഴിലാളി നിയാസിന് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കനത്ത മഴയ്ക്കിടെ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാൻ അജീഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പ് വാൻ മഴവെള്ളത്തിൽ തെന്നിമാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അജീഷിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ നിയാസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തിരുവല്ല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.