
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് അരവണ വിതരണത്തിലുള്ള നിയന്ത്രണം തുടരുന്നു. നിർമാണ പ്ലാന്റിലെ അറ്റകുറ്റപ്പണികൾ കാരണം ഒരാൾക്ക് ഒരു കവർ അരവണ വീതം മാത്രമേ നൽകുന്നുള്ളൂ. കഴിഞ്ഞ രാത്രിയിൽ നിയന്ത്രണം കർശനമാക്കിയതോടെ തീർത്ഥാടകർ സന്നിധാനത്ത് പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു.
അരവണ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് 20 ദിവസത്തോളമായി. ഹൈക്കോടതി അനുമതിയോടെ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി പ്രതിദിനം ഒരു ലക്ഷം ടീനുകളായി ഉയർത്തുന്നതിനായുള്ള വികസന-അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്.
നിർമാണപ്രവർത്തനങ്ങൾ മൂലം അരവണ വിതരണത്തിൽ താൽക്കാലിക നിയന്ത്രണമുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻകൂട്ടി വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മൂന്ന് ലക്ഷം കവർ അരവണ കരുതൽ ശേഖരത്തിലുണ്ടായിരുന്നെങ്കിലും കന്നിമാസ പൂജയോടനുബന്ധിച്ച് ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെട്ടതോടെ സ്റ്റോക്ക് തീരുകയായിരുന്നു.
കന്നിമാസ പൂജയ്ക്ക് ഇത്രയധികം തീർത്ഥാടകരെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. എന്നാൽ തിരക്ക് മുൻകൂട്ടി കാണുന്നതിലും ആവശ്യത്തിന് അരവണ കരുതിവെക്കുന്നതിലും ബോർഡിന് കടുത്ത വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഭക്തർ ആരോപിക്കുന്നു.