Banner Ads

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപം: മുൻകൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻ; അനധികൃത മദ്യക്കേസിൽ എക്‌സൈസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി സെപ്റ്റംബർ 23ന് പരിഗണിക്കും. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് കളമശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.

അതേസമയം, അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ നേരത്തേക്ക് എക്‌സൈസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12 മണി വരെയാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയിലുള്ള പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് എക്‌സൈസ് കണ്ടെത്തിയത്.

ഇതിൽ 43 ലിറ്ററിലധികം വിദേശനിർമ്മിത മദ്യമാണ്. ഹൈക്കോടതിയും ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും പ്രതിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കണ്ടെടുത്ത മദ്യശേഖരത്തിന്റെ ഉറവിടം, നികുതി വെട്ടിപ്പ്, ആർക്കുവേണ്ടിയാണ് സൂക്ഷിച്ചത് എന്നിവ കണ്ടെത്തേണ്ടതുണ്ട്.

2025ൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ച രേഖകൾ ഹാജരാക്കിയ പ്രോസിക്യൂഷൻ വീട് തന്റേതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. പ്രതി സ്വാധീനമുള്ള വ്യക്തിയായതിനാൽ തെളിവ് നശിപ്പിക്കാനും അന്വേഷണം തടസ്സപ്പെടുത്താനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.