Banner Ads

ഇമ്മാതിരി ചതി കാണിക്കരുത്, കുഞ്ഞുങ്ങളുടെ അവസ്ഥയെങ്കിലും കാണൂ; അപ്രഖ്യാപിത പവർകട്ടിൽ കെഎസ്ഇബിക്കെതിരെ നടി സ്നേഹ ശ്രീകുമാർ

കൊച്ചി : കേരളത്തിൽ തുടരുന്ന അപ്രഖ്യാപിത പവർകട്ടിൽ കെഎസ്ഇബിക്കെതിരെ പ്രതികരണവുമായി നടി സ്നേഹ ശ്രീകുമാർ. രാത്രികാലങ്ങളിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം ചെറിയ കുട്ടികളുടെ ഉറക്കത്തെയും ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ടെന്നും വൈദ്യുതി കട്ട് ചെയ്യേണ്ടതുണ്ടെങ്കിൽ അത് സന്ധ്യയ്ക്ക് മാത്രം ആക്കിക്കൂടെ എന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഭർത്താവും നടനുമായ എസ് പി ശ്രീകുമാറിനും കുഞ്ഞിനുമൊപ്പമുള്ള കുടുംബജീവിതത്തിലെ അനുഭവങ്ങൾ പങ്കുവെക്കാറുള്ള സ്നേഹ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പവർകട്ടിലെ ദുരിതം തുറന്നുപറഞ്ഞത്. പ്രിയപ്പെട്ട കെഎസ്ഇബിയോട്. നിങ്ങൾക്ക് കറന്റ്‌ കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത്. സന്ധ്യയ്ക്കുള്ള കട്ട്‌ കഴിഞ്ഞു രാത്രി 11 മണിക്ക് പോകുന്നു.

11.27ന് വരുന്നു… പിന്നേം 11.30ന് പോകുന്നു. ഇതുവരെ വന്നിട്ടുമില്ല… ചെറിയ കുഞ്ഞുങ്ങൾ ഉള്ള ഞങ്ങളുടെ അവസ്ഥ കൂടി കണക്കിലെടുക്കണം. അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോൾ. ഒരുവിധത്തിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങൾക്ക് സമാധാനമായി ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി തരാനുള്ള മനസ്സ് കെഎസ്ഇബി കാണിക്കണം…

സന്ധ്യക്ക്‌ മാത്രം കട്ട്‌ ആക്കാൻ പറ്റുമോ എന്നാണ് സ്നേഹയുടെ ചോദ്യം. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച ചൂടും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വൻതോതിൽ ഉയർന്നു. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്‌സ്‌ചേഞ്ചുകൾ വഴി ലഭിച്ചിരുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവുണ്ടായി.

ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായി പരിഹരിക്കാൻ സാധിക്കാത്തതാണ് നിലവിലെ വൈദ്യുതി നിയന്ത്രണത്തിന് കാരണമായി കെഎസ്ഇബി ചൂണ്ടിക്കാണിക്കുന്നത്.