
പെരുമ്പാവൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ പരിശോധനകളുടെ ഭാഗമായി പെരുമ്പാവൂരിൽ എക്‌സൈസ് നടത്തിയ മിന്നൽ റെയ്ഡിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പെരുമ്പാവൂർ ലോറി സ്റ്റാൻഡിന് സമിപമുള്ള, പൂട്ടിക്കിടന്ന രണ്ട് വൻകിട ഗോഡൗണുകളിൽ നിന്നായി 26,250 പാക്കറ്റ് ഹാൻസ് ശേഖരമാണ് കണ്ടെടുത്തത്.
കോട്ടയത്ത് ഒരുകോടി 30 ലക്ഷം രൂപയുടെ വ്യാജ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് എക്‌സൈസ് സംഘം പെരുമ്പാവൂരിൽ പരിശോധന നടത്തിയത്.കാലിത്തീറ്റ എന്ന വ്യാജേന ചാക്കുകളിലാക്കി രാത്രികാലങ്ങളിൽ ലോറികളിൽ എത്തിച്ചാണ് ലഹരിമരുന്ന് ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ, വാടകയ്‌ക്ക് നൽകിയിരുന്ന കെട്ടിടങ്ങളുടെ പൂട്ട് പൊളിച്ചാണ് അന്വേഷണ സംഘം അകത്തുകയറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.