
തൃശ്ശൂർ : ചാവക്കാട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്ന് മൂന്ന് മാസം ഗർഭിണിയായ വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിൽ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ, കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരെയാണ് ചാവക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുന്നംകുളം റൂട്ടിൽ ഓടുന്ന പാലയൂർ എന്ന ബസിൽ ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ചാവക്കാട് സൗത്ത് ബൈപ്പാസിലെ വളവിൽ വെച്ച് വാതിൽ കൃത്യമായി അടക്കാതിരുന്നതിനെ തുടർന്ന് തെക്കഞ്ചേരി സ്വദേശിയായ കോളേജ് വിദ്യാർത്ഥിനി ഫാത്തിമ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം അശ്രദ്ധമായി വാഹനമോടിച്ചതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനുമാണ് ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തത്. അപകടത്തിൽ യുവതിയുടെ കൈകാലുകൾക്കും മുഖത്തും പരിക്കേറ്റിരുന്നു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി യുവതി വീട്ടിലേക്ക് മടങ്ങി.