Banner Ads

അളവിൽ കവിഞ്ഞ മദ്യം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി : അനുവദിനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വയനാട് വാഴവറ്റയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃത മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്നാണ് എക്സൈസിന്റെ നടപടി.

എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ചാനൽ ഓഫീസിലെത്തിയാണ് ആന്റോയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

കേസിൽ ആന്റോ മാത്രമാണ് പ്രതിയെന്നും അദ്ദേഹത്തെ വയനാട്ടിലെത്തിച്ച് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും എക്സൈസ് എ സി അറിയിച്ചു. അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

55A നിയമ വിരുദ്ധമായ മദ്യ കടത്തും കൈവശം വെയ്ക്കലും ആണ്. ഇതിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും വരെ ലഭിക്കാവുന്ന കുറ്റമാണ്. 55ഐ അനധികൃത മദ്യ വില്പനയോ, അനധികൃതമായി വിൽപനടത്താനായി സൂക്ഷിക്കുകയോ ചെയ്യുക എന്ന കുറ്റമാണ്.

58 നികുതി വെട്ടിച്ച് മദ്യം കൈവശം വെയ്ക്കുന്ന കുറ്റമാണ്. എഫ്ഐആറിന്റെ ഹാർഡ് കോപ്പി കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ വാശിപിടിച്ചതോടെ കൊച്ചിയിലെ ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.

ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്ന നിലപാടിൽ ആന്റോ ഉറച്ചുനിന്നു. തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാർ നേരിട്ട് എഫ്ഐആർ കോപ്പിയുമായി എത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.