Banner Ads

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: പർബത്‍സറിൽ ബിജെപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം; നാണക്കേടിൽ ഭരണകക്ഷി

ജയ്പൂർ : രാജസ്ഥാനിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയും നാണക്കേടും. ഡിഡ്‍വാനാ കുചാമൻ ജില്ലയിലെ പർബത്‍സർ മുനിസിപ്പാലിറ്റി 13-ാം വാർഡിൽ മത്സരിച്ച ബിജെപി സ്ഥാനാർത്ഥി കൈലാഷ്ചന്ദിന് ലഭിച്ചത് ഒരു വോട്ട് മാത്രം. കോൺഗ്രസ് സ്ഥാനാർത്ഥി ഹിന ഖനം 376 വോട്ടുകൾ നേടി മിന്നുന്ന വിജയം സ്വന്തമാക്കി.

രണ്ടാം സ്ഥാനത്തെത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി റാഷിദ് ഖാന് 195 വോട്ടുകൾ ലഭിച്ചപ്പോഴാണ് ബിജെപി സ്ഥാനാർത്ഥി ഒറ്റ വോട്ടിലേക്ക് ഒതുങ്ങിയത്. തന്റെ വോട്ട് 12-ാം വാർഡിലായതിനാലാണ് സ്വന്തം വോട്ട് പോലും തനിക്ക് ചെയ്യാനാകാതിരുന്നതെന്ന് കൈലാഷ്ചന്ദ് വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. എന്റെ വോട്ട് 12-ാം വാർഡിലാണ്. എന്നാൽ പാർട്ടി എന്നെ മത്സരിപ്പിച്ചത് തൊട്ടടുത്ത 13-ാം വാർഡിലാണ്.

എനിക്ക് ലഭിച്ച ആ ഒരു വോട്ട് 13-ാം വാർഡിലെ ആരോ ഒരാൾ ചെയ്തതാണ്. വോട്ട് ചെയ്ത ആ ഒരു വോട്ടർ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല- കൈലാഷ്ചന്ദ് പറഞ്ഞു. ആകെ 25 വാർഡുകളുള്ള പർബത്‍സർ നഗരസഭയിൽ കടുത്ത പോരാട്ടത്തിനൊടുവിൽ 13 വാർഡുകൾ നേടി കോൺഗ്രസ് ഭരണം ഉറപ്പിച്ചു. ബിജെപി 12 വാർഡുകളിൽ വിജയിച്ചു.