
മലപ്പുറം : അന്യപുരുഷന്മാർക്കിടയിലും പൊതുയിടങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം വിലക്കിക്കൊണ്ടുള്ള സർക്കുലറിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്ലാമിക നിയമങ്ങളെന്നും തന്റെ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാന്തപുരം. ആരുടെയും ഇഷ്ടാനുസരണമോ അഭിപ്രായപ്രകാരമോ അല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നത്.
സമസ്ത ഏത് വിഷയം പറയുമ്പോഴും ആലോചിച്ചും ചിന്തിച്ചുമാണ് തീരുമാനമെടുക്കുന്നത്. ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തി പറയേണ്ട സാഹചര്യം സമസ്തയ്ക്ക് വന്നിട്ടില്ല. നബിദിന റാലികൾക്കിടെ സ്ത്രീ സാന്നിധ്യം ഉയർന്നതാണ് കാന്തപുരം വിഭാഗത്തെ ചൊടിപ്പിച്ചത്.
പൊതുനിരത്തുകളിലും വേദികളിലും അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും മതപരമായ ആഘോഷങ്ങളിൽ ഇസ്ലാമിക മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സമസ്ത കാന്തപുരം വിഭാഗം മഹല്ലുകൾക്ക് നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.
കാന്തപുരം വിഭാഗത്തിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കടുത്ത വിമർശനമാണ് പൊതുസമൂഹത്തിൽ നിന്നും വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്നും ഉയർന്നു വന്നത്.