
ദില്ലി : ഭാരത് മണ്ഡപത്തിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. ബ്രിക്സ് അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികൾ, പ്രത്യേക ക്ഷണിതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെയുള്ള ഔദ്യോഗിക ചർച്ചകൾ ഇന്നും തുടരും. ഉച്ചകോടിയുടെ സമാപനത്തോടനുബന്ധിച്ച് 45 പേജുള്ള സംയുക്ത പ്രഖ്യാപനം പുറത്തിറക്കും.
ഉച്ചകോടിക്കിടെ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച നിർണായകമായി. അതിർത്തിയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നേതാക്കൾ ധാരണയിലെത്തി.
അമേരിക്കയുടെ ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെ ശക്തമായ പരോക്ഷ വിമർശനമുന്നയിക്കുന്ന സംയുക്ത പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെയും പലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തെയും ഉച്ചകോടി അപലപിച്ചു.
ബ്രിക്സ് കൂട്ടായ്മ ആർക്കും എതിരല്ലെന്നും എല്ലാവരെയും ഉൾക്കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അംഗരാജ്യങ്ങളിലെ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗ്ലോബൽ സൗത്ത് നയരൂപീകരണത്തിൽ ഇന്ത്യ നിർണായക പങ്കുവഹിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.