Banner Ads

ചിറയിൻകീഴിൽ സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം : ചിറയിൻകീഴിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ അജ്ഞാത സംഘം സ്ഫോടകവസ്തുക്കളെറിഞ്ഞു. സിപിഎം ശാർക്കര ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന ബീജ സുരേഷിന്റെ പുതുക്കരിയിലുള്ള അവിട്ടം എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം.

റെയിൻ കോട്ട് ധരിച്ച് ബൈക്കിലെത്തിയ സംഘം ബോംബിന് സമാനമായ മൂന്ന് സ്ഫോടകവസ്തുക്കൾ വീടിന് നേരെ എറിയുകയായിരുന്നു. രണ്ടെണ്ണം ഗേറ്റിനുള്ളിൽ വീണുപൊട്ടി. മൂന്നാമത്തേത് വീടിന്റെ സിറ്റൗട്ടിൽ വീണെങ്കിലും പൊട്ടാത്തതിനെ തുടർന്ന് വലിയ അപകടം ഒഴിവായി. ആക്രമണം നടക്കുമ്പോൾ ബീജയുടെ ഭർത്താവ് സുരേഷ്, 13 വയസ്സുള്ള മകൾ, മാതാപിതാക്കൾ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

ശബ്ദം കേട്ട് ഭയന്ന വീട്ടുകാർ കുറച്ചുകഴിഞ്ഞാണ് പുറത്തിറങ്ങി നോക്കിയത്. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ റെയിൻ കോട്ട് ധരിച്ചെത്തിയ സംഘം സ്ഫോടകവസ്തുക്കൾ എറിയുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ചിറയിൻകീഴ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.