Banner Ads

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം: ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു. പ്രതിസന്ധി സ്വിച്ച് ഇട്ട് നിർത്താൻ സാധിക്കില്ലെന്നും, ഒന്നിലേറെ സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുന്ന സാഹചര്യം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും പെട്ടെന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മുൻകാലങ്ങളെ അപേക്ഷിച്ച് 1000 മെഗാവാട്ടിലധികം വൈദ്യുതി ഉപയോഗമാണ് വർധിച്ചിരിക്കുന്നത്. രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ വൻതോതിൽ ചാർജ് ചെയ്യുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. നിലവിൽ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സംസ്ഥാനത്ത് സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നത്. ഇടുക്കി പദ്ധതിക്ക് ശേഷം വൻകിട പദ്ധതികളൊന്നും വന്നിട്ടില്ലെന്നും ആണവനിലയങ്ങൾ അടക്കമുള്ള ബദലുകളെ കേരളം എതിർക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സോളാർ ഊർജ്ജം പകൽ സമയത്ത് ഉപയോഗിക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളിൽ ഇത് സൂക്ഷിച്ചു വെക്കാനുള്ള സംവിധാനം നിലവിലില്ല.മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ കാലത്തുണ്ടായ വീഴ്ചകളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി ആരോപിച്ചു.ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോൾ കുറഞ്ഞ നിരക്കിൽ (യൂണിറ്റിന് 4 രൂപ) വൈദ്യുതി വാങ്ങാൻ ഉണ്ടാക്കിയ ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കി. ഇതിനെതിരെ സമയബന്ധിതമായി ഇടപെടാൻ അന്നത്തെ സർക്കാരിന് സാധിച്ചില്ല.ആറ് മാസത്തിന് ശേഷം മാത്രമാണ് മുൻ സർക്കാർ വിഷയത്തിൽ ഇടപെട്ടത്.

അപ്പോഴേക്കും യൂണിറ്റിന് 10 രൂപ നൽകിയാലും വൈദ്യുതി കിട്ടാത്ത അവസ്ഥയായി.റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ശക്തമായ കേസ് നടത്തുന്നുണ്ട്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സർക്കാറിനായി ഹാജരാകുന്നത്.വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഹ്രസ്വ-ദീർഘകാല കരാറുകളിൽ ഏർപ്പെടേണ്ടതുണ്ട്. കൃത്യമായ നടപടിക്രമങ്ങളും റെഗുലേറ്ററി കമ്മീഷന്റെ അനുമതിയും ഇതിന് ആവശ്യമാണ്. ബ്രഹ്മപുരത്ത് അടക്കം പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.