Banner Ads

ബസിനും ലോറിക്കുമിടയിൽ ദാരുണാപകടം; അമിതവേഗതയിലെത്തിയ ടോറസിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്

പറവൂർ : ടോറസ് ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ലോറിക്കും നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനുമിടയിൽ കുടുങ്ങി വീണ സ്കൂട്ടർ യാത്രികയുടെ വലതുകാൽ പാദം അറ്റുപോയി. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ യു പ്രിയങ്കയ്ക്കാണ് (35) പരിക്കേറ്റത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ പറവൂർ മെയിൻ റോഡിൽ മിനി സിവിൽ സ്റ്റേഷനു സമീപമായിരുന്നു സംഭവം. കച്ചേരിപ്പടിയിൽ നിന്ന് ഏഴിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന അഞ്ജലി ബസ് യാത്രക്കാരെ കയറ്റാനായി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഈ സമയം ബസിനെ മറികടക്കാൻ അമിതവേഗതയിലെത്തിയ ടോറസ് ലോറി മുന്നിൽ സഞ്ചരിക്കുകയായിരുന്ന പ്രിയങ്കയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്കും പ്രിയങ്ക റോഡിലേക്കും തെറിച്ചുവീണു. തുടർന്ന് ടോറസിന്റെ പിൻചക്രം യുവതിയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു.

പ്രിയങ്കയെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഇടതുകാലിലും പരിക്കേറ്റിട്ടുണ്ട്. ടോറസ് ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു.