Banner Ads

കോതമംഗലത്ത് റബർ തോട്ടത്തിൽ കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വനാതിർത്തിയോട് ചേർന്ന റബർ തോട്ടത്തിൽ ഒന്നര വയസ്സുള്ള കാട്ടാനക്കുട്ടി വൈദ്യുതാഘാതമേറ്റ് ചരിഞ്ഞു. പുതുക്കുന്നത്ത് ജോൺ പി പോളിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.ഭക്ഷണം തേടിയെത്തിയ കാട്ടാനക്കൂട്ടം റബർ മരം തള്ളിമറിക്കുന്നതിനിടെ മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു.

പൊട്ടിവീണ കേബിൾ തുമ്പിക്കൈയിൽ പിടിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. തോട്ടത്തിലെ കാനയിലെ വെള്ളത്തിൽ വൈദ്യുതി പ്രവഹിച്ചതും അപകടത്തിന്റെ ആഘാതം കൂട്ടി. വൈദ്യുതി പ്രവാഹം മൂലമാണ് തള്ളയാനയ്ക്കും കൂട്ടത്തിനും കുട്ടിയാനയെ രക്ഷിക്കാൻ കഴിയാതിരുന്നതെന്ന് കരുതപ്പെടുന്നു. ബുധനാഴ്ച രാവിലെ 7.30-ഓടെയാണ് നാട്ടുകാർ വിവരമറിയുന്നത്.

ആനക്കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കോടനാട് റേഞ്ച് ഓഫീസർ വ്യക്തമാക്കി. വാമാസ് (WAMAS) മാനദണ്ഡപ്രകാരം എട്ടംഗ സമിതിയുടെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ജഡം വനത്തിനുള്ളിൽ സംസ്കരിക്കും.