
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായി അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ച് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള പീക്ക് സമയങ്ങളിൽ 800 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് നിലവിലുള്ളത്.
പൊതുജനങ്ങൾ വൈകിട്ട് 6 മുതൽ അനാവശ്യമായ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി വൈദ്യുതി മന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ കെഎസ്ഇബിയിൽ ഇന്ന് യോഗം ചേരും.
പെട്ടെന്നുള്ള ലോഡ്ഷെഡ്ഡിംഗിനെതിരെ പ്രതിഷേധം കടുത്തതോടെ വൈദ്യുതി നിയന്ത്രിക്കുന്ന സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം അതിവേഗം തയ്യാറാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. അന്തരീക്ഷ താപനില വർധിച്ചതും മഴ മാറിനിൽക്കുന്നതും ഉപഭോഗം കുത്തനെ കൂട്ടി.
പ്രതിദിന ഉപഭോഗം 100 ദശലക്ഷം യൂണിറ്റിലേക്ക് എത്താറായതും പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് തിരിച്ചടിയായത്. പവർക്കട്ട് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്.
മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.