
മലപ്പുറം: നിലമ്പൂർ മൂത്തേടത്ത് റബ്ബർ ടാപ്പിംഗിനിടെ തൊഴിലാളി കാട്ടാനയുടെ മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ചോളമുണ്ട സ്വദേശി ചുള്ളിക്കുളവൻ റഫീഖാണ് പുലർച്ചെ റബ്ബർ തോട്ടത്തിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.കാട്ടാനയുടെ മുന്നിൽപ്പെട്ട റഫീഖിനെ അരമണിക്കൂറോളം ആന ഓടിക്കുകയായിരുന്നു.
രക്ഷപ്പെടാനായി ഓടിയ റഫീഖ് സമീപത്തെ വടക്കൻ അലവിയുടെ വീടിന്റെ ബാത്ത്റൂമിൽ കയറി വാതിലടച്ച് അഭയം പ്രാപിക്കുകയായിരുന്നു.ഫീഖിനെ കിട്ടാതെ വന്നതോടെ കലിപൂണ്ട കാട്ടാന ബാത്ത്റൂമിന്റെ കതക് കുത്തിപ്പൊളിച്ചു തകർത്ത ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.പ്രദേശത്ത് വന്യമൃഗശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുൻപാണ് ഇതേ പ്രദേശത്ത് വെച്ച് കടുവ പശുവിനെ ആക്രമിച്ചു കൊന്നത്.
വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ ഫെൻസിംഗ് കൃത്യമായി ചാർജ് ചെയ്യാത്തതാണ് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.