
ഹൽദ്വാനി : മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപ കേസിൽ ഉത്തരാഖണ്ഡിൽ എട്ട് അജ്ഞാതർക്കെതിരെ പോലീസ് കേസെടുത്തു. അഭിഭാഷകയുടെ പരാതിയിലാണ് കേസ്. ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണം നടത്തിയ സംഘടനയ്ക്കും ഭാരവാഹികൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് ദളിത് എം പിമാർ മിന്നൽ പ്രതിഷേധം നടത്തിയിരുന്നു. പോലീസ് കേസ് എടുത്ത വിവരം അറിയിച്ചതിനെ തുടർന്നാണ് എംപിമാർ പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം എംപിമാരുടെ പരാതിയിൽ ഡൽഹിയിൽ ഇതുവരെ സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.
ശ്രീറാം സേന എന്ന സംഘടനയാണ് ഖാർഗെ പ്രസംഗിച്ച വേദി ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചത്. സാംസ്കാരിക-ആത്മീയ പരിപാടികൾക്ക് മാത്രം ഉപയോഗിക്കുന്ന വേദി രാഷ്ട്രീയ ആവശ്യത്തിനായി ഉപയോഗിച്ചതിനാലാണ് ശുദ്ധീകരണം നടത്തിയതെന്നാണ് സംഘടനയുടെ വാദം.
എന്നാൽ താൻ ദളിതനായതിനാലാണ് ബിജെപി – സംഘപരിവാർ പ്രവർത്തകർ വേദി ശുദ്ധീകരിച്ചതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും ഖാർഗെ ആരോപിച്ചു.