Banner Ads

സംസ്ഥാനത്ത് പവർകട്ട് ഭീഷണി; മഴ പെയ്തില്ലെങ്കിൽ നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മാറിനിൽക്കുകയാണെങ്കിൽ ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12:30 വരെയുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കും.

പീക്ക് സമയങ്ങളിൽ കുറഞ്ഞത് 500 ഫീഡറുകളെങ്കിലും അരമണിക്കൂർ വീതം ഓഫാക്കേണ്ടി വരും. പീക്ക് സമയങ്ങളിലെ അധിക വൈദ്യുതി ഉപഭോഗം 1000 മെഗാവാട്ടിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.

നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ബോർഡ് ഉദ്യോഗസ്ഥരും വൈദ്യുതി മന്ത്രിയും പങ്കെടുക്കുന്ന യോഗം ഇന്ന് ചേരും. അന്തരീക്ഷ താപനില വർധിച്ചതും മഴ മാറിനിൽക്കുന്നതുമാണ് വൈദ്യുതി ഉപയോഗം കുത്തനെ ഉയരാൻ കാരണം.