Banner Ads

വിടവാങ്ങിയത് ഒരുമിച്ച്; ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്ന സഹോദരിമാർ മണിക്കൂറുകളുടെ ഇടവേളയിൽ മരിച്ചു

കൊച്ചി : 12 മണിക്കൂറിന്റെ മാത്രം ഇടവേളയിൽ ആലുവയിൽ സഹോദരിമാർ മരിച്ചു. ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ (64), അനുജത്തി ലീല (52) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ഇരുവരും ചികിത്സയിലായിരുന്നു.

തിങ്കളാഴ്ച രാത്രി പത്തരയോടെ തങ്കയെ ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ലീല ഇന്നലെ രാവിലെ പത്തരയോടെയും മരിച്ചു.

നെടുവന്നൂരിൽ അടുത്തടുത്ത വീടുകളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ലീലയുടെ മൃതദേഹം സ്വന്തം വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം തങ്കയുടെ വീട്ടിലെത്തിച്ചു. തുടർന്ന് ഇരുവർക്കുമായി മരണാനന്തര ചടങ്ങുകൾ ഒരുമിച്ച് നടത്തി വൈകിട്ടോടെ സംസ്കാരം പൂർത്തിയാക്കി.

പെരിങ്ങാടത്ത് പരേതനായ കുഞ്ഞയ്യപ്പന്റെയും വള്ളിക്കുട്ടിയുടെയും മക്കളാണ് തങ്കയും ലീലയും. പരേതനായ ചേർത്തല പാണാവള്ളി സ്വദേശി ദാസനാണ് തങ്കയുടെ ഭർത്താവ്. മക്കൾ: ധനീഷ്, ധന്യ. മരുമകൻ: രാജേഷ്. ലീല അവിവാഹിതയാണ്.