Banner Ads

ഇന്ന് സെപ്റ്റംബർ 9; ദേശീയ ടെഡി ബെയർ ദിനം

ഓരോ വർഷവും സെപ്റ്റംബർ 9 ആണ് ദേശീയ ടെഡി ബെയർ ദിനമായി ആചരിക്കുന്നത്. കുട്ടികൾക്ക് ടെഡി ബെയറുകളെ സമ്മാനിച്ചും, അവയോടുള്ള സ്നേഹം പങ്കുവെച്ചുമാണ് ആളുകൾ ഈ ദിവസം ആഘോഷിക്കുന്നത്. ആളുകളുടെ ഏകാന്തത മാറ്റാനും കുട്ടികൾക്ക് സുരക്ഷിതത്വബോധം നൽകാനും എന്നും കൂടെയുള്ള സുഹൃത്താണ് ടെഡി ബെയർ.

കുട്ടികളുടെയും മുതിർന്നവരുടെ പോലും ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് ടെഡി ബെയർ. സ്നേഹത്തിന്റെയോ ആശ്വാസത്തിന്റെയോ പ്രതീകമായി നാം ചേർത്തുപിടിക്കുന്ന ഈ കളിപ്പാട്ടത്തിന് പിന്നിൽ ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ദയയും ചരിത്രപ്രധാനമായ ഒരു സംഭവവുമുണ്ട്.

അമേരിക്കയുടെ ഇരുപത്തിയാറാമത് പ്രസിഡന്റായിരുന്ന തിയോഡോർ റൂസ്‌വെൽട്ടിന്റെ വിളിപ്പേര് ‘ടെഡി’ എന്നായിരുന്നു. 1902 നവംബറിൽ മിസിസിപ്പി കാടുകളിൽ നടന്ന ഒരു വേട്ടയാടലിനിടയിലാണ് ചരിത്രപ്രധാനമായ ആ സംഭവം നടക്കുന്നത്. വേട്ടയാടലിനിടയിൽ റൂസ്‌വെൽട്ടിന്റെ കൂടെയുണ്ടായിരുന്നവർ ഒരു ചെറിയ കരടിക്കുട്ടിയെ വടത്തിൽ കെട്ടിയിടുകയും, റൂസ്‌വെൽട്ടിനോട് അതിനെ വെടിവെച്ച് കൊല്ലാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ കെട്ടിയിട്ട ഒരു മൃഗത്തിന് നേരെ വെടിയുതിർക്കുന്നത് കായിക മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് അദ്ദേഹം അതിന് വിസമ്മതിച്ചു. ഈ സംഭവം അക്കാലത്ത് വലിയ വാർത്തയാവുകയും, ക്ലിഫോർഡ് ബെറിമാൻ എന്ന പ്രശസ്ത കാർട്ടൂണിസ്റ്റ് ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ പത്രത്തിൽ റൂസ്‌വെൽട്ടും കരടിക്കുട്ടിയും ഉള്ള ഒരു കാർട്ടൂൺ വരയ്ക്കുകയും ചെയ്തു.

പത്രത്തിൽ വന്ന ആ കാർട്ടൂൺ കണ്ട ന്യൂയോർക്കിലെ കടയുടമയായ മോറിസ് മിച്ച്‌ടോം, തുണികൊണ്ട് ചെറിയൊരു കരടിക്കുട്ടിയുടെ രൂപം തുന്നിയുണ്ടാക്കി കടയുടെ ജനലിൽ വെച്ചു. ഈ കളിപ്പാട്ടത്തിന് ‘ടെഡിയുടെ കരടി’ Teddy’s Bear എന്ന് പേരിടാൻ അദ്ദേഹം പ്രസിഡന്റ് റൂസ്‌വെൽട്ടിന്റെ അനുവാദവും തേടി.

പ്രസിഡന്റ് അനുവാദം നൽകിയതോടെ ഈ കളിപ്പാട്ടം ലോകമെമ്പാടും വലിയ തരംഗമായി മാറി. സമാനമായ രീതിയിൽ ജർമ്മനിയിലെ റിച്ചാർഡ് സ്റ്റീഫ് എന്ന കളിപ്പാട്ട നിർമ്മാതാവും ഇതേ കാലഘട്ടത്തിൽ തുണികരടികളെ നിർമ്മിച്ചിരുന്നു. കാലങ്ങൾ കഴിഞ്ഞിട്ടും കുട്ടികളുടെ ലോകത്ത് ടെഡി ബെയറിനുള്ള സ്ഥാനം ഇന്നും തുല്യമില്ലാത്തതാണ്.

സുരക്ഷിതത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഇന്നും ടെഡി ബെയറുകൾ തലമുറകളുടെ,നമ്മുടെ ഒക്കെ പ്രിയപ്പെട്ട കൂട്ടുകാരനായി തുടരുന്നു.

 

സിന്ധു രാജീവ്