
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത വേനൽച്ചൂടിന് പുറമെ രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കവും ജനങ്ങൾക്ക് കടുത്ത ദുരിതമാകുന്നു. ഇന്നലെ രാത്രിയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ വീതം വൈദ്യുതി മുടങ്ങി.
പലയിടങ്ങളിലും ഒന്നിലധികം തവണയാണ് നിയന്ത്രണമേർപ്പെടുത്തിയത്. വൈകീട്ട് 6:30 മുതൽ രാത്രി 12:30 വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി വിച്ഛേദിക്കുന്നത്. എന്നാൽ ഏത് സമയത്താണ് കറന്റ് പോകുന്നതെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.
ദിവസം ഏത് പ്രദേശത്ത്, ഏത് സമയത്ത്, എത്ര മിനിറ്റ് വൈദ്യുതി മുടങ്ങുമെന്ന് മുൻകൂട്ടി കൃത്യമായി ജനങ്ങളെ അറിയിക്കണമെന്ന് റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകിയിരുന്നതാണ്. എന്നാൽ ഈ ഉത്തരവ് പാലിക്കാൻ ബോർഡ് തയ്യാറായിട്ടില്ല.
പകരം ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാം എന്ന പൊതുവായ ഒരു അറിയിപ്പ് മാത്രമാണ് കെഎസ്ഇബി നൽകുന്നത്. മുൻകൂട്ടി വിവരം ലഭിക്കാത്തതിനാൽ ജനങ്ങളുടെ രാത്രികാല ജീവിതവും കുട്ടികളുടെ പഠനവും കടുത്ത പ്രതിസന്ധിയിലാണ്.