
തൃശൂർ: ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ ലെഡ് പെൻസിൽ ഉപയോഗിച്ച് തിരുത്തി പണം തട്ടിയ കേസിലെ പ്രതിയെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പുനലൂർ സ്വദേശി ഷാജ് (56) ആണ് പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ 13 കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ഗുരുവായൂർ മാഞ്ചിറ റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്റെ പരാതിയിലാണ് നടപടി.
സമാന കേസിൽ കാലടി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ടെമ്പിൾ പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.വെളുത്ത കാറിലെത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. കാറിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക വഴിത്തിരിവുണ്ടായത്.അന്വേഷണത്തിനിടെ, കൊല്ലത്തെ ഒരു പെട്രോൾ പമ്പിൽ വെച്ച് ഇയാൾ കാറിൽ ഇന്ധനം നിറയ്ക്കുകയും പണം ഗൂഗിൾ പേ വഴി നൽകുകയും ചെയ്തതായി കണ്ടെത്തി.
ഈ ഡിജിറ്റൽ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ പിന്തുടർന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.ഗുരുവായൂർ എ.സി.പി എം. സുരേന്ദ്രന്റെ നേതൃത്വത്തിൽ, ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ കെ.ജി. ജയപ്രദീപ് ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.