
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ്, വീണാ വിജയൻ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് (ഡി.ജി.പി) കത്ത് നൽകി.കേസിൽ തങ്ങൾ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങൾ കൈമാറിയാണ് ഡി.ജി.പിയോട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇ.ഡിയുടെ കത്ത് അൽപ്പം മുമ്പ് ഓഫീസിൽ ലഭിച്ചതായി ഡി.ജി.പി സ്ഥിരീകരിച്ചു. കത്ത് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ നിയമോപദേശം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾക്കായി കേസ് സർക്കാരിലേക്ക് കൈമാറാനാണ് സാധ്യത.