
വിദ്യാഭ്യാസത്തിന്റെയും സാക്ഷരതയുടെയും പ്രാധാന്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 8നാണ് അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടനയായ യുനെസ്കോയാണ് ഈ അന്താരാഷ്ട്ര ദിനാചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.
1965 സെപ്റ്റംബറിൽ ഇറാനിലെ ടെഹ്‌റാനിൽ വെച്ച് നടന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ ലോകസമ്മേളനത്തിലാണ് ലോകമെമ്പാടും സാക്ഷരത എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഗൗരവമായ ചർച്ചകൾ നടന്നത്. തുടർന്ന്, 1966 നവംബറിൽ നടന്ന യുനെസ്കോയുടെ പതിനാലാമത് ജനറൽ കോൺഫറൻസിൽ സെപ്റ്റംബർ 8 അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു.
വ്യക്തികളെയും സമൂഹത്തെയും ശാക്തീകരിക്കുന്നതിൽ അറിവിനുള്ള പങ്ക് എത്ര വലുതാണെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സുപ്രധാന ദിനമാണിത്. 1967 മുതൽ ലോകം ഈ ദിനം ഔദ്യോഗികമായി ആചരിച്ചുതുടങ്ങി. ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിൽ സാക്ഷരത ഒരു പ്രധാന ഘടകമാണ്.
നിരക്ഷരത പൂർണ്ണമായി തുടച്ചുനീക്കുക, എല്ലാവർക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക, ലിംഗസമത്വം കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ ദിനാചരണം മുന്നോട്ടുവെക്കുന്നത്. ഒരു രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വളർച്ചയ്ക്ക് അക്ഷരജ്ഞാനം അത്യന്താപേക്ഷിതമാണെന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്.
ഓരോ വർഷവും പ്രത്യേകമായ ഒരു പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് യുനെസ്കോ സാക്ഷരതാ ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസമെന്ന അവകാശം എല്ലാവരിലേക്കും എത്തിക്കുന്നതിനും, ആധുനിക ലോകത്ത് ഡിജിറ്റൽ സാക്ഷരത ഉൾപ്പെടെയുള്ള പുതിയ അറിവുകൾ നേടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നതാണ് ഈ ദിനത്തിന്റെ പ്രസക്തി.
ഈ വർഷത്തെ അന്താരാഷ്ട്ര സാക്ഷരതാ ദിനത്തിന്റെ പ്രമേയം ,മനുഷ്യർക്കും ഭൂമിക്കും സമൃദ്ധിക്കും വേണ്ടിയുള്ള സാക്ഷരത എന്നതാണ്. വ്യക്തികളുടെ ഉന്നതി, പരിസ്ഥിതി അവബോധം, സുസ്ഥിരവികസനം എന്നിവയിൽ സാക്ഷരതയ്ക്കുള്ള പ്രാധാന്യമാണ് ഈ പ്രമേയം ഊന്നിക്കാണിക്കുന്നത്.
സിന്ധു രാജീവ്