Banner Ads

നാളെ വരെ താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും; വ്യാഴാഴ്ച മുതൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും ആർദ്രതയും നാളെ വരെ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്.

അതേസമയം വ്യാഴാഴ്ച മുതൽ തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കനത്ത ചൂടിന് നേരിയ ആശ്വാസമാകും. സെപ്റ്റംബർ 10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും സെപ്റ്റംബർ 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.