Banner Ads

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; യാത്രാനിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിമൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകൾ പൂർണ്ണമായും അപര്യാപ്തമാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. മറ്റന്നാൾ ഔദ്യോഗികമായി സമരപ്രഖ്യാപനമുണ്ടാകും.

മിനിമം യാത്രാനിരക്ക് 15 രൂപയായി വർദ്ധിപ്പിക്കണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം.കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സർവീസുകൾ ഒരേ റൂട്ടിലും സമയത്തും വരുന്നത് സ്വകാര്യ മേഖലയ്ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നാണ് വിദഗ്ധ സമിതിയുടെ പ്രധാന കണ്ടെത്തൽ. ഇതി പരിഹരിക്കാനായി റൂട്ടുകളും സമയക്രമവും പുതുക്കുക, കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിനെടുക്കുക തുടങ്ങിയ ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.

എന്നാൽ ഈ ശുപാർശകൾ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. ബസ് വ്യവസായത്തെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്ന ഒന്നും റിപ്പോർട്ടിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം ശക്തമാക്കാൻ ഉടമകൾ തീരുമാനിച്ചിരിക്കുന്നത്.