
പത്തനംതിട്ട: എറണാകുളത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് തമിഴ്‌നാട് സ്വദേശിനിയായ യുവതി മരിച്ചു. കന്യാകുമാരി സ്വദേശി സുമി കാർത്തിക (35) ആണ് മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ജംഗ്ഷന് സമീപം ചൈന മുക്കിൽ ശനിയാഴ്ച രാത്രി 11:30-ഓടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ വഴിയരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചുകയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന സുമിയുടെ ഭർത്താവ് പ്രതീഷ്, എട്ടു വയസ്സുള്ള മകൻ, പ്രതീഷിന്റെ സഹോദരൻ പ്രകാശ്, ഭാര്യ സിന്ധു, ഇവരുടെ മക്കളായ 10, 5 വയസ്സുകാർ എന്നിവർക്കാണ് പരുക്കേറ്റത്.
പരുക്കേറ്റവരെ ഉടൻ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യാത്രയ്ക്കിടെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർന്നുള്ള നിയമനടപടികൾ സ്വീകരിച്ചു.