Banner Ads

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; വരുംദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം വൈദ്യുതി പ്രതിസന്ധിയും തുടരുമെന്ന് സൂചന. കെഎസ്ഇബി ക്ഷണിച്ച ഹ്രസ്വകാല ടെൻഡറുകളിൽ പീക്ക് സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. വരുംദിവസങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പാണ് കെഎസ്ഇബി നൽകുന്നത്.

വേനൽ കടുത്തതോടെ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 94 ദശലക്ഷം യൂണിറ്റെന്ന ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. വരുംദിവസങ്ങളിൽ ആവശ്യകതയിൽ 500 മുതൽ 600 മെഗാവാട്ട് വരെ വർധനവുണ്ടായേക്കും. എന്നാൽ, അണക്കെട്ടുകളിൽ നിലവിൽ 64 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇത് 80 ശതമാനമായിരുന്നു. പ്രതീക്ഷിച്ച നീരൊഴുക്ക് ലഭിക്കാത്തതും തിരിച്ചടിയാകുന്നു.അധിക വൈദ്യുതിക്കായി കെഎസ്ഇബി വിളിച്ച ടെൻഡറുകളോട് കമ്പനികൾ മുഖംതിരിക്കുകയാണ്.

മേയിൽ പീക്ക് സമയത്തെ 400 മെഗാവാട്ടിനായി വിളിച്ച ടെൻഡറിൽ ലഭിച്ച കുറഞ്ഞ നിരക്ക് യൂണിറ്റിന് 12.98 രൂപയായിരുന്നു. റെഗുലേറ്ററി കമ്മീഷൻ നിശ്ചയിച്ച പരമാവധി പരിധി 10 രൂപയായതിനാൽ ഈ കരാർ നടന്നില്ല.തുടർന്ന് ജൂലൈ 7-ന് വീണ്ടും ടെൻഡർ വിളിച്ചെങ്കിലും പീക്ക് സമയത്ത് വൈദ്യുതി നൽകാൻ ഒരു കമ്പനിയും മുന്നോട്ടുവന്നില്ല. പകലും രാത്രിയിലുമായി 200 മെഗാവാട്ട് ആവശ്യപ്പെട്ടപ്പോൾ 25 മെഗാവാട്ടിന് മാത്രമാണ് വാഗ്ദാനം ലഭിച്ചത്.

രാത്രി 12 മുതൽ രാവിലെ 5 വരെയുള്ള സമയത്തേക്ക് 500 മെഗാവാട്ടിനായി വിളിച്ച ടെൻഡറിൽ 100 മെഗാവാട്ടിന്റെ വാഗ്ദാനം മാത്രമാണ് വന്നത് നിരക്കാകട്ടെ യൂണിറ്റിന് 9.15 രൂപയും. ഉയർന്ന നിരക്കിലുള്ള ഈ കരാറുകൾക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി ആവശ്യമാണ്.മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് “ബാങ്കിംഗ്” വ്യവസ്ഥയിൽ വൈദ്യുതി കടം വാങ്ങിയാണ് കെഎസ്ഇബി നിലവിൽ പ്രതിസന്ധി പരിഹരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 2.21 ദശലക്ഷം യൂണിറ്റ് ഇത്തരത്തിൽ വാങ്ങി.

വേനൽക്കാലത്ത് വാങ്ങിയ വൈദ്യുതി പ്രതിദിനം 3 ദശലക്ഷം യൂണിറ്റിലധികം നൽകിയാണ് നിലവിൽ തിരിച്ചടയ്ക്കുന്നത്.ഈ മാസത്തോടെ മാത്രമേ ഈ കടം തീരൂ. എന്നാൽ, ജലവൈദ്യുത ഉൽപ്പാദനം കുറഞ്ഞതിനാൽ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി നൽകേണ്ട സാഹചര്യം കെഎസ്ഇബിക്ക് കനത്ത സാമ്പത്തിക ഭാരമാകുന്നുണ്ട്. തത്സമയ വിപണിയിൽ വൈകീട്ട് 4:30 മുതൽ രാവിലെ 9:30 വരെയുള്ള സമയത്ത് യൂണിറ്റിന് 10 രൂപ നിരക്കിലാണ് നിലവിൽ വൈദ്യുതി ലഭ്യമാകുന്നത്.