
കാഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റിൽ 31 പേർ കൂടി മരിച്ചതായി ചൈനീസ് സർക്കാർ സ്ഥിരീകരിച്ചു. ഗിറോങ് ചെക്ക്പോസ്റ്റിന് സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
അതേസമയം പ്രളയത്തിൽ കുടുങ്ങിയ മലയാളികളെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രളയക്കെടുതിക്കിടയിലും നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ടുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്താൻ സാധിച്ചു.
തുരങ്കങ്ങളിൽ ഇനി ആരെങ്കിലും ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇതുവരെ 843 മൃതദേഹങ്ങളാണ് ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തത്. ഇതിൽ 85 കുട്ടികളുടെ മൃതദേഹങ്ങളും ഉൾപ്പെടുന്നു.
501 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 1030 മൃതദേഹങ്ങൾ സംസ്കരിച്ചതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാണാതായ 4898 പേർക്കായി പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണ്.