Banner Ads

തെരുവുവിളക്കുകളുടെ ഫ്യൂസ് സ്ഥിരമായി ഊരിമാറ്റുന്നു: അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

മലപ്പുറം: അങ്ങാടിപ്പുറം പുത്തനങ്ങാടിയിൽ രാത്രികാലങ്ങളിൽ തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരിമാറ്റി പ്രദേശം ഇരുട്ടിലാക്കുന്നതായി പരാതി. സാമൂഹ്യവിരുദ്ധരുടെയും ലഹരിസംഘങ്ങളുടെയും ശല്യം കാരണം വലിയ ഭീതിയിലാണ് പ്രദേശവാസികൾ.
വാർഡ് മെമ്പർ ചോലയിൽ കുഞ്ഞുമൊയ്തീന്റെ നേതൃത്വത്തിൽ അഞ്ചു തവണ ഫ്യൂസുകൾ മാറ്റി സ്ഥാപിച്ചെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇവ വീണ്ടും ഊരിമാറ്റപ്പെടുകയാണ്.

രാത്രി സമയങ്ങളിലെ വൈദ്യുതി നിയന്ത്രണത്തിന് പുറമെ തെരുവുവിളക്കുകൾ കൂടി അണയുന്നതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും കടുത്ത പ്രയാസമാണ് നേരിടുന്നത്.വെളിച്ചമില്ലാത്തത് പ്രദേശത്ത് ലഹരിസംഘങ്ങൾ തമ്പടിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രശ്നത്തിൽ പഞ്ചായത്ത് അധികൃതരും കെ.എസ്.ഇ.ബി.യും അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പൊതുമുതൽ നശിപ്പിക്കുകയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നവർക്കെതിരെ പോലീസും അധികൃതരും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.