Banner Ads

മതപരിവർത്തന ആരോപണം: ബംഗാളിൽ ആക്രമണ ഭീഷണി മൂലം വീടുകളിലെ പ്രാർത്ഥനായോഗങ്ങൾ നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീടുകൾ കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രാർത്ഥനായോഗങ്ങൾക്കും ശുശ്രൂഷകൾക്കും നേരെ ആക്രമണങ്ങൾ വർധിച്ചതോടെ പ്രാർത്ഥനായോഗങ്ങൾ നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ, പൂർവ്വ വർദ്ധമാൻ, പൂർവ്വ മേദിനിപൂർ തുടങ്ങി വിവിധ ജില്ലകളിലാണ് ആക്രമണങ്ങൾ രൂക്ഷമായിരിക്കുന്നത്.ഓഗസ്റ്റ് 23-ന് ഹൗറയിലെ ഉലുബേരിയയിൽ വാടകവീട്ടിൽ നടന്ന പ്രാർത്ഥനായോഗത്തിനിടെ ആൾക്കൂട്ടം ഇരച്ചുകയറി ആളുകളെ മർദ്ദിക്കുകയും സാധനസാമഗ്രികൾ നശിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനുപുറമെ, പള്ളികളുടെ നിർമ്മാണം തടസ്സപ്പെടുത്തുക, സംസ്കാര ചടങ്ങുകൾ തടയുക തുടങ്ങിയ സംഭവങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പണവും മറ്റു വാഗ്ദാനങ്ങളും നൽകി നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്നും ഇതിനെതിരെയാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നുമാണ് ആക്രമണങ്ങൾക്ക് പിന്നിലുള്ളവരുടെ വാദം.അതേസമയം, പ്രാർത്ഥിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തിപരമാണെന്നും എന്നാൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ബംഗാൾ സർക്കാർ വ്യക്തമാക്കി.