
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച നവജാത ശിശുവിന്റെ ശരീരത്തിൽ നിന്ന് ഒരു വർഷത്തിന് ശേഷം സൂചി കണ്ടെത്തിയ സംഭവത്തിൽ മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറികെ പോൾ ചെയർമാനായ സമിതിയാണ് കേസ് അന്വേഷിക്കുന്നത്.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ആർ. ബീന കുമാരി, ജനറൽ സർജറി മേധാവി ഡോ. ബിന്നി ജോൺ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലെ എല്ലാ ആരോപണങ്ങളും സമിതി വിശദമായി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും.കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂർ സ്വദേശിനി അഞ്ജുവിന്റെയും മകൾ അദ്വികയ്ക്കാണ് (ഒരു വയസ്സ്) ഈ ദുരനുഭവമുണ്ടായത്. 2025 ജൂൺ 24-നായിരുന്നു അഞ്ജുവിന്റെ പ്രസവം.
പിറന്നുവീണ് രണ്ടാം ദിവസം കുഞ്ഞിന് പനിയും മഞ്ഞപ്പിത്ത ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് (NICU) മാറ്റിയിരുന്നു. ഇവിടെ വെച്ച് നൽകിയ ചികിത്സയിലുണ്ടായ വീഴ്ചയാണോ സംഭവത്തിന് പിന്നിലെന്ന് സമിതി പരിശോധിക്കും.