
കൊച്ചി : മട്ടാഞ്ചേരിയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊച്ചി ഡാൻസാഫ് നടത്തിയ മിന്നൽ പരിശോധനയിലാണ് രണ്ട് കിലോയോളം എംഡിഎംഎ പിടിച്ചെടുത്തത്. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശി നൗഫൽ (36) ഉൾപ്പെടെ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നൗഫലിന്റെ കൈവശത്തുനിന്ന് ആദ്യം 15 ഗ്രാം എംഡിഎംഎയാണ് പോലീസ് സംഘം കണ്ടെടുത്തത്.
തുടർന്ന് ഇയാളുടെ കാറിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോയോളം വരുന്ന വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. കസ്റ്റഡിയിലുള്ള രണ്ടാമത്തെയാളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും വിതരണ ശൃംഖലയെക്കുറിച്ചും വ്യക്തത വരുത്താൻ കസ്റ്റഡിയിലുള്ളവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.