
കണ്ണൂർ : അഷ്ടമിരോഹിണി നാളിൽ നാടെങ്ങും വിപുലമായ ആഘോഷങ്ങളോടെ ശ്രീകൃഷ്ണ ജയന്തി വരവേൽക്കുന്നു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ സംസ്ഥാനത്തെമ്പാടും പുലർച്ചെ മുതൽ പ്രത്യേക പൂജകളും ചടങ്ങുകളും ആരംഭിച്ചു. ഗുരുവായൂർ, അമ്പലപ്പുഴ, തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് പരിഗണിച്ച് സുരക്ഷാ സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉണ്ണിക്കണ്ണന്റെ തിരുപ്പിറവി വരവേൽക്കാൻ വീടുകളിൽ അരിമാവ് കൊണ്ട് കുഞ്ഞിക്കാൽപ്പാടുകൾ വരച്ചും, വെണ്ണയും നിവേദ്യങ്ങളും ഒരുക്കിയും ഭക്തർ ആഘോഷങ്ങളിൽ പങ്കുചേരുന്നു. മായ വിട്ടുണരൂ, മാനവനായി വളരൂ എന്ന സന്ദേശമുയർത്തി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലുമണി മുതൽ ആയിരക്കണക്കിന് ശോഭായാത്രകൾ നടക്കും.
കണ്ണൂർ ജില്ലയിൽ മാത്രം അഞ്ഞൂറിലേറെ ശോഭായാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. ഉണ്ണിക്കണ്ണന്റെയും രാധയുടെയും പൗരാണിക കഥാപാത്രങ്ങളുടെയും വേഷമണിഞ്ഞ കുട്ടികൾ അണിനിരക്കുന്ന ചെറു ശോഭായാത്രകൾ പ്രധാന കേന്ദ്രങ്ങളിൽ ഒത്തുചേർന്ന് മഹാശോഭായാത്രകളായി മാറും. ഇതിനുപുറമേ ഉറിയടി മത്സരങ്ങൾ, ഭജന, സത്സംഗം എന്നിവയും വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്.