Banner Ads

അയോധ്യ രാമക്ഷേത്രത്തിൽ ഭരണപരിഷ്കാരം: സംഭാവന എണ്ണാൻ ഹൈടെക് സംവിധാനം; സിഇഒ നിയമനം ഉടൻ

ദില്ലി : അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ പശ്ചാത്തലത്തിൽ കാണിക്ക എണ്ണുന്നതിനായി പുതിയ സാങ്കേതിക സംവിധാനം ഏർപ്പെടുത്താൻ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ഐഐടി വിദഗ്ധരും രണ്ട് ബാങ്കുകളും നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ സംവിധാനം വരുന്നതോടെ സംഭാവന എണ്ണുന്ന ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കും.

ക്ഷേത്രത്തിന്റെ ഭരണ-നിർവഹണ ഘടന കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തി. സിഇഒ തസ്തികയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 5585 അപേക്ഷകളാണ് സെർച്ച് കമ്മിറ്റിക്ക് ലഭിച്ചത്.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ, ബ്രിഗേഡിയർ റാങ്കിന് മുകളിലുള്ള സൈനിക ഉദ്യോഗസ്ഥർ, എൻജിഒ പ്രൊഫഷണലുകൾ എന്നിവരടക്കം നിരവധി പേർ പട്ടികയിലുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം 16 പേരെ ഇന്റർവ്യൂ ചെയ്യുകയും വിവിധ വിഭാഗങ്ങളിലായി മൂന്ന് പേർ വീതമുള്ള പാനൽ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

സംഭാവനക്കൊള്ള കേസിനെ തുടർന്ന് ചമ്പത് റായ്, ഡോ അനിൽ മിശ്ര എന്നിവർ രാജിവെച്ച ജനറൽ സെക്രട്ടറി, ട്രസ്റ്റി അംഗം എന്നീ പദവികളിലേക്കുള്ള പുതിയ നിയമനങ്ങളും ട്രസ്റ്റ് യോഗത്തിൽ ചർച്ചയാകും. കൂടാതെ ക്ഷേത്ര ട്രസ്റ്റിന് പുതിയ വക്താവിനെ നിയമിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായേക്കും.