
മൈസൂരു : മൈസൂരുവിന് സമീപം ചന്നപട്ടണയിൽ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ച് ഒൻപതുപേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കണ്ണൂർ ഡിപ്പോയിൽനിന്ന് ഇന്നലെ രാത്രി പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചെയോടെ മുന്നിൽ പോവുകയായിരുന്ന ചരക്കുലോറിയുടെ പിന്നിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. നിസ്സാര പരിക്കേറ്റ മൂന്നു യാത്രക്കാർ ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ടു. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം ഇതേ റൂട്ടിൽ രാമനഗരയ്ക്ക് സമീപം കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. അതിന് തൊട്ടടുത്ത പ്രദേശത്തുതന്നെ വീണ്ടും മറ്റൊരു അപകടമുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.