
തിരുവനന്തപുരം : ഡ്രൈ ഡേ നിയന്ത്രണങ്ങൾ ലംഘിച്ച് അനധികൃതമായി ബിയർ വിൽപ്പന നടത്തിയ ബിയർ പാർലറിൽ എക്സൈസിന്റെ മിന്നൽ പരിശോധന. കോവളം ഹവ്വാ ബീച്ചിന് സമീപമുള്ള മറൈൻ പാലസ് ഹോട്ടലിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ബിയർ പാർലറിൽ നിന്നാണ് 257 ലിറ്റർ ബിയർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
സ്ഥാപനം എക്സൈസ് പൂട്ടിപ്പൂട്ടിച്ച് കേസെടുത്തു. ഡ്രൈ ഡേ ദിനത്തിൽ ബിയർ പാർലറിൽ വൻതോതിൽ മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് സംഘം മഫ്തിയിലെത്തി ഇരട്ടി വില നൽകി അഞ്ച് കുപ്പി ബിയർ വാങ്ങിയാണ് മോഷണവിൽപ്പന സ്ഥിരീകരിച്ചത്. പാർലറിന്റെ മതിൽ വഴിയായിരുന്നു കച്ചവടം നടത്തിയിരുന്നത്.
തുടർന്ന് മതിൽ ചാടിക്കടന്ന് അകത്തുകയറിയ എക്സൈസ് സംഘം അടുക്കള ഭാഗത്ത് നടത്തിയ വിശദമായ തിരച്ചിലിലാണ് ബിയർ ശേഖരം കണ്ടെടുത്തത്. ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിന് സ്ഥാപനത്തിന്റെ പ്രവർത്തനം ഉടനടി നിർത്തിവെപ്പിച്ചു.