
കൊച്ചി : സംസ്ഥാനവ്യാപകമായി നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനായ ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ നടത്തിയ മിന്നൽ പരിശോധനകളിൽ 26 കിലോയിലധികം കഞ്ചാവുമായി മൂന്ന് ഇതരസംസ്ഥാനക്കാർ പിടിയിലായി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഡിസിപിമാരായ അരുൺ കെ പവിത്രൻ ഐ പി എസ്, മോഹിത് റാവത്ത് ഐ പി എസ് എന്നിവരുടെ മേൽനോട്ടത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഏലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മഞ്ഞുമ്മൽ ജനതാ ഭാഗത്തുനിന്നാണ് 14.130 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റാംജാൻ മൊണ്ടൽ (33) പിടിയിലായത്.
മുട്ടാറിലെ സ്ക്രാപ്പ് കടയിൽ ജോലി ചെയ്ത് വന്ന ഇയാൾ, സ്ക്രാപ്പ് ശേഖരിക്കുന്ന മുച്ചക്രവാഹനത്തിൽ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. മറ്റൊരു സംഭവത്തിൽ, കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഒഡീഷ ഗഞ്ചം സ്വദേശികളായ ആദി നായക് (20), ഹിമാൻഷൂ നായക് (26) എന്നിവരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.
ഇവരിൽനിന്ന് 12.152 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് കേസുകളിലുമായി 26 കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തതോടെ ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് ലഹരിയെത്തിക്കുന്ന പ്രധാന വിതരണ ശൃംഖലയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ലഹരിക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾ പോലീസിന് കൈമാറണമെന്നും സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു.