
മുണ്ടക്കയം: സസ്‌പെൻഷനിൽ കഴിയുകയായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥൻ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പോക്‌സോവകുപ്പുകൾ പ്രകാരം അറസ്റ്റിലായി. കാഞ്ഞിരപ്പള്ളി എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥനെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്.കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ വനിതാ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇയാൾക്കെതിരെ അടുത്തിടെ വകുപ്പുതല നടപടി സ്വീകരിക്കുകയും സസ്‌പെൻഡ് ചെയ്യുകയുമായിരുന്നു.
സസ്‌പെൻഷൻ കാലാവധി തുടരുന്നതിനിടെയാണ് പുതിയ പോക്‌സോ കേസിൽ ഇയാൾ അറസ്റ്റിലാകുന്നത്.പ്രതിയുടെ ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുണ്ടക്കയം പോലീസ് പോക്‌സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഏകദേശം 45 വയസ്സ് പ്രായമുള്ള പ്രതി പെൺകുട്ടിയുടെ അടുത്ത ബന്ധുവായതിനാൽ, ഇരയുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.