Banner Ads

തോൽവിയിൽ ജനങ്ങളെയും കേന്ദ്ര കമ്മിറ്റിയെയും പിണറായി തള്ളിപ്പറയുന്നു; മുഖ്യമന്ത്രി പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

കണ്ണൂർ: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജനങ്ങളെയും സ്വന്തം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയെയും തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിക്ക് അതീതനാകാൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. തോൽവിയുടെ പേരിൽ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും ജനങ്ങളെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി, പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകളെയും അംഗീകരിക്കുന്നില്ല. പയ്യന്നൂർ, തളിപ്പറമ്പ് എം.എൽ.എമാരെ പിണറായി വിജയനും കെ.കെ. രാഗേഷും ചേർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വന്ദേമാതരം മുഴുവനായി പാടുന്നത് അടിച്ചേൽപ്പിക്കുന്ന നിലപാടിനോട് യോജിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ പങ്കെടുക്കുന്ന ചടങ്ങുകളിൽ വന്ദേമാതരം ആലാപനം പ്രോട്ടോകോളിന്റെ ഭാഗമാണ്. അതേസമയം, സ്ത്രീകൾ പൊതുരംഗത്ത് വരരുതെന്ന സമസ്തയുടെയോ കാന്തപുരത്തിന്റെയോ നിലപാടുകൾ അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനോട് യോജിപ്പില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.കാസർകോട് ചന്തേരയിൽ 129 ഗ്രാം മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രധാന കണ്ണികളായ രണ്ട് പേരെ കാസർകോട് പോലീസ് കസ്റ്റഡിയിലെടുത്തതായി ആഭ്യന്തര മന്ത്രി അറിയിച്ചു.

മധ്യപ്രദേശ് സ്വദേശി റിയാ ഖാൻ, ഘാന പൗരനായ വിക്ടർ എന്നിവരാണ് പിടിയിലായത്. ഇവരെ നിലവിൽ കാസർകോട്ടേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ വ്യക്തി മുൻപ് മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തതിന്റെ പേരിൽ എൽ.ഡി.എഫ് വലിയ ആരോപണങ്ങൾ ഉന്നയിക്കുകയും ‘ഓപ്പറേഷൻ തൂഫാൻ’ അവസാനിച്ചുവെന്ന് പരിഹസിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിന്റെ ഈ നിലപാടിനെയും ചെന്നിത്തല കടുത്ത ഭാഷയിൽ വിമർശിച്ചു.

അധികാരത്തിലിരുന്നപ്പോൾ ലഹരിക്കെതിരെ ഒന്നും ചെയ്യാത്ത പിണറായി വിജയനാണ് ഇപ്പോൾ തൂഫാനെതിരെ ആരോപണം ഉന്നയിക്കുന്നത്. ചന്തേര കേസിൽ ശക്തമായ നടപടിയെടുക്കാൻ നിർദ്ദേശിച്ചത് മുഖ്യമന്ത്രി തന്നെയാണ്. യൂത്ത് കോൺഗ്രസുകാരനായാലും ഡി.വൈ.എഫ്.ഐക്കാരനായാലും ലഹരി വിറ്റാൽ പിടിയിലാകും. കൂടെ ഫോട്ടോ എടുത്തു എന്നതിന്റെ പേരിൽ സർക്കാരോ പോലീസോ ആരെയും സംരക്ഷിക്കില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.